നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.

ഗതാഗതം, വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ


കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ സാധാരണമാകുന്നു എന്നതാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ പ്രളയങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ദുരന്തങ്ങളില്‍ ജീവനും സ്വത്തിനുമുണ്ടാകുന്ന നാശം പരമാവധി കുറയ്ക്കുന്നതിന് രക്ഷാ, പുനരധിവാസ ദൗത്യങ്ങള്‍ക്കിടയില്‍ തടസ്സമില്ലാത്ത ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ ലഭ്യത പരമപ്രധാനമാണ്. പൊതുഗതാഗത സേവനങ്ങളും ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്ക് ഒഴിച്ചു കൂടാനാകാത്തതാണ്.

പ്രതികൂല കാലാവസ്ഥകളിൽ ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിട്ടോ അല്ലാതെയോ കേടുപാടുകൾ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത് മനുഷ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോടൊപ്പം തന്നെ സാമൂഹിക,സാമ്പത്തിക രംഗത്തും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. തീവ്രമായ മഴ മൂലമുണ്ടാകുന്ന വെള്ളക്കെട്ടാണ് ഗതാഗത മേഖലയിലുണ്ടാകുന്ന തടസ്സങ്ങളില്‍ പ്രധാനം. റോഡ് ഗതാഗതത്തെ വെള്ളപ്പൊക്കം എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നതു സംബന്ധിച്ച നിലവിലുള്ള പഠനങ്ങളിലൊന്നും തന്നെ പ്രളയജലവും ഗതാഗത സംവിധാനവും തമ്മിലുള്ള ഇടപെടലിനെ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ല. സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താതെ റോഡ് പൂർണമായി പ്രവർത്തനക്ഷമമാണെന്നോ അല്ലെങ്കിൽ പൂർണമായി തടസ്സപ്പെട്ടുവെന്നോ അനുമാനിക്കുകയാണ് പതിവ്. പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയ്ക്കായി ഞെരുങ്ങി സ്ഥിതിചെയ്യുന്ന കേരളത്തില്‍ റെയിൽവേ പോലുള്ള ഗതാഗത സംവിധാനങ്ങളും ഇത്തരം ദുരന്തങ്ങളിൽ എളുപ്പത്തിൽ തടസ്സപ്പെടുന്നു.

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴികെയുള്ള സാഹചര്യങ്ങളിൽ മുന്നറിയിപ്പിനുള്ള സമയം ലഭിക്കാറുണ്ട്. മിക്ക സന്ദർഭങ്ങളിലും അടിയന്തര തയാറെടുപ്പുകൾ കൃത്യമായി ആസൂത്രണം ചെയ്താൽ ആളുകൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാവും. ഇത്തരം സംഭവങ്ങൾ നേരിടാന്‍ മുൻകൂട്ടിയുള്ള ആസൂത്രണവും തയ്യാറെടുപ്പും വളരെ പ്രധാനമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെയും പ്രളയ സമയത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ സംവിധാനങ്ങൾ വലിയ പങ്കാണ് വഹിച്ചത്.

വരും കാലങ്ങളിൽ ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പ്രളയത്തെ പ്രതിരോധിക്കുന്നതും അതിജീവിക്കുന്നതുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ആശയവിനിമയ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാവുന്നതാണ്.

  1. വെള്ളപ്പൊക്കത്തിൽ ഗതാഗതം തടസപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ എങ്ങനെ തിരിച്ചറിയാം? വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ആളുകളും പ്രദേശങ്ങളും ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കാനാകും?
  2. നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം? ദുരന്തങ്ങളെ അടയാളപ്പെടുത്തുന്നതിന് പ്രാദേശിക തലത്തില്‍ ഉപയോഗപ്പെടുത്താവുന്ന എന്തെങ്കിലും സൂചകങ്ങളുണ്ടോ?
  3. ദുരിത ബാധിത സമയത്ത് ഏതെങ്കിലും പ്രദേശങ്ങൾ ഒറ്റപ്പെടുകയോ സ്ഥിതി ഗുരുതരമാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ആശയവിനിമയത്തിനും രക്ഷാപ്രവർത്തനത്തിനുമുള്ള മാർഗങ്ങൾ എന്തെല്ലാം?ആശയവിനിമയ- ഗതാഗത മാർഗങ്ങളൊന്നും ലഭ്യമല്ലാത്ത സന്ദർഭങ്ങളിൽ പകരം സ്വീകരിക്കാവുന്ന മറ്റ് മാർഗങ്ങൾ എന്തെല്ലാമാണ്?
  4. ദുരന്ത സാഹചര്യങ്ങളിൽ ദുർബല വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആശയവിനിമയം സാദ്ധ്യമാക്കാന്‍ എന്തൊക്കെ ചെയ്യാനാവും?
  5. ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സമൂഹാധിഷ്ഠിത നടപടികൾ എന്തൊക്കെ? ദുരിത ബാധിതരെ ഒഴിപ്പിക്കേണ്ടതെങ്ങോട്ട്?
  6. വെള്ളപ്പൊക്കമോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ഏറ്റവുമധികം ബാധിക്കാൻ സാധ്യതയുള്ള റോഡുകള്‍ ഏതെല്ലാം? ഇത്തരം പാതകളുടെ അതിജീവനക്ഷമത മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാം?
  7. ദുരിതാശ്വാസം/ രക്ഷാപ്രവർത്തനം എന്നിവയ്ക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മറ്റു മാർഗങ്ങൾ എന്തെങ്കിലും ലഭ്യമാണോ?
  8. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ ഓരോ സ്ഥലങ്ങളിലും ലഭ്യമായ അടിയന്തര സേവനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്തൊക്കെ?
  9. നഗര / ഗ്രാമ പ്രദേശങ്ങളിലും അതുപോലെ ദുരന്ത സാദ്ധ്യത കൂടിയ മറ്റ് പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ആശ്വാസമെത്തിക്കുന്നതിനും ഏതെല്ലാം രീതിയിലുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്.?
  10. പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ റോഡും അനുബന്ധ സംവിധാനങ്ങളും ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
  11. ദുരന്ത പ്രതിരോധ ക്ഷമത ഉള്ള റോഡും മറ്റ് ഗതാഗത സംവിധാനങ്ങളും ഒരുക്കാൻ പ്രാദേശികമായി ലഭ്യമായ സാങ്കേതിക വിദ്യ എന്തൊക്കെയാണ്?
  12. ഏതു തരം ദുരന്തം ഉണ്ടായാലും ആവശ്യമായി വരുന്ന, ഗതാഗത സംവിധാനങ്ങള്‍ മുഖേന ബന്ധപ്പെടുത്തേണ്ട അടിയന്തര സേവനങ്ങൾ എന്തൊക്കെയാണ് (ഉദാ: സഹായ കേന്ദ്രങ്ങൾ, പോലീസ്, ആംബുലൻസ്, ആശുപത്രി, ഗ്യാസ്, വൈദ്യുതി മുതലായവ)

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ