നമ്മൾ നമുക്കായി

Switch To English Admin Login

header_mal.php Displaying header_mal.php.
Rebuild Kerala Initiative

അതിജീവന ക്ഷമതയുള്ള കേരളം പടുത്തുയർത്താൻ വനപ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പരിഷ്‌കാരങ്ങൾ

വനപരിപാലനം


കേരളത്തിലെ ഭൂവിസ്തൃതിയുടെ 27.83 ശതമാനം വനമാണ്. സംസ്ഥാനത്തിന് ലഭ്യമായ ഏറ്റവും വലിയ പ്രകൃതി സമ്പത്താണ് ഇത്. സംസ്ഥാനത്തെ പാരിസ്ഥിതിക സേവനങ്ങളുടെ (Eco system services) പ്രധാന വിതരണ കേന്ദ്രമായി വനങ്ങളെ കണക്കാക്കാം. സംസ്ഥാനത്താകെയുള്ള 11524.41 ച.കി.മി വനഭൂമിയിൽ, 9339.18 ച.കി.മി സംരക്ഷിത വനങ്ങളും, 1900.98 ച.കി.മി നിക്ഷിപ്ത വനങ്ങളും പാരിസ്ഥിതിക ദുർബല പ്രദേശങ്ങളും, 284.21 ച.കി.മി നിർദ്ദിഷ്ട സംരക്ഷിത വനങ്ങളുമാണ്.

കേരളത്തിലെ 3,213.24 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയില്‍  അഞ്ച് ദേശീയോദ്യാനങ്ങള്‍, രണ്ട് കടുവ സംരക്ഷണ കേന്ദ്രങ്ങള്‍, ഒരു മയില്‍ സങ്കേതം ഉള്‍പ്പെടെ മൂന്ന് പക്ഷിസങ്കേതങ്ങള്‍, ഒരു കമ്മ്യൂണിറ്റി റിസർവ് എന്നിവ ഉൾപ്പെടുന്നു.  

സംസ്ഥാനത്തെ വനങ്ങൾ പ്രകൃതിസമ്പത്തിന്റെ ഏറ്റവും വലിയ ഉറവിടങ്ങളായും ഉപജീവനദാതാവായും ജൈവവൈവിധ്യ കേന്ദ്രങ്ങളായും നിലകൊള്ളുന്നു. അതിനാൽ, വനങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും സമഗ്രവും നിരന്തരവുമായ ഉദ്യമമായിരിക്കണം. അതിന്റെ സംരക്ഷണം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും സജീവ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ വനവിസ്തൃതി ഗണ്യമായി കുറഞ്ഞിരുന്നു. വനങ്ങള്‍ കയ്യേറി നടത്തിയ ഇടപെടലുകള്‍ ഉരുള്‍പൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും വർധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. പാരിസ്ഥിതികമായി ദുർബലമായതും, ജൈവവൈവിധ്യം കൊണ്ടോ ആദിവാസികളുടെ സാന്നിധ്യം കൊണ്ടോ സവിശേഷതകളുള്ളതുമായ വനപ്രദേശങ്ങൾ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത്തരം പ്രദേശങ്ങളുടെ പാരിസ്ഥിതിക- സാമൂഹിക-സാമ്പത്തിക മൂല്യങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിടുന്ന സവിശേഷമായ പരിപാലനരീതികളുടെ രൂപകൽപ്പനയും കൃത്യമായ നടപ്പാക്കലും അതിജീവനക്ഷമമായ പുനർനിർമാണ പ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ വനങ്ങളുടെ സവിശേഷമായ പ്രത്യേകതകള്‍:

 • അപകടകരമാംവിധം ജൈവവൈവിധ്യ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ (Biodiversity Hot spots)
 • അപൂർവ്വമായതും വംശനാശ ഭീഷണി നേരിടുന്നതുമായ ആവാസവ്യവസ്ഥകള്‍
 • നീരൊഴുക്ക് സംരക്ഷണം, മണ്ണൊലിപ്പ് നിയന്ത്രണം തുടങ്ങിയ അടിസ്ഥാന പാരിസ്ഥിതിക സേവനങ്ങള്‍ ലഭ്യമാക്കല്‍
 • പ്രാദേശിക സമൂഹത്തിന്റെ പരമ്പരാഗത സാംസ്‌കാരിക സ്വത്വത്തിനു നിർണായകമായ ഉപജീവന സഹായം നൽകല്‍

ഈ സവിശേഷമായ പ്രത്യേകതകള്‍ ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ വനങ്ങളുടെ മൂല്യം ഉയർത്തുകയും അതോടൊപ്പം അവയുടെ സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്തുന്ന ദിശാബോധമുള്ള പരിപാലന പദ്ധതികളുണ്ടാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു.

വനസംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചാ സൂചകങ്ങള്‍:

 1. വനത്തില്‍ വ്യാപകമാകുന്ന അധിനിവേശ സസ്യങ്ങൾ(Invasive plants) വനത്തിന്റെ ആവാസവ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുന്നു?
 2. പടർന്നു പിടിക്കുന്ന അധിനിവേശ സസ്യങ്ങൾ ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്നതിനെ നേരിടുന്നതെങ്ങനെ?
 3. മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘർഷത്തെ എങ്ങനെ സുസ്ഥിരമായി പരിഹരിക്കാം?
 4. കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വനമേഖലയ്ക്ക് സമീപം താമസിക്കുന്ന സമൂഹത്തിന്റെ പങ്കാളിത്തം എങ്ങനെ വർദ്ധിപ്പിക്കാം?
 5. ദുരന്തങ്ങളില്‍നിന്നുള്ള അതിജീവനക്ഷമത ഉറപ്പാക്കുന്നതില്‍ വനമേഖലയിലെ ആദിവാസി സമൂഹത്തിനും മറ്റ് സമുദായങ്ങൾക്കും എന്ത് പങ്ക് വഹിക്കാനാകും?
 6. വനഭൂമി കൈയേറ്റം തടയുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്ത് നടപടികള്‍ സ്വീകരിക്കാനാകും?
 7. വൃഷ്ടി പ്രദേശങ്ങളുടെ ജലാഗിരണകൃഷി കുറയ്ക്കുന്നതിനും പുഴകളും ഭൂഗര്‍ഭ ജല സ്രോതസുകളും വറ്റുന്നതിനും കാരണമായ വനം കയ്യേറ്റങ്ങള്‍ (തോട്ടങ്ങള്‍, അണക്കെട്ടുകള്‍, റോഡുകള്‍, അനധികൃത ഖനനം എന്നിവയുടെ പേരിലുള്ള) നിരീക്ഷിക്കാന്‍ പ്രാദേശികസമൂഹത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ എങ്ങിനെയെല്ലാം സഹായിക്കാനാകും.?
 8. നിലവിലുള്ള വനങ്ങള്‍ക്കു ചുറ്റിലും വനനശീകരണമുണ്ടായ മേഖലകളിലും പുതിയതായി കാട് വച്ചുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ എങ്ങിനെയെല്ലാം പ്രോല്‍സാഹിപ്പിക്കാനാകും?

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2517276

ഇമെയിൽ

talktorebuild@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ